Wednesday, October 5, 2011

“ഒ”രു കവിത



ഒറ്റയ്ക്കൊരു തുരുത്തില്‍ ഒത്തൊരുത്തന്‍

ഓരോന്നും ഓര്‍ത്തിരിക്കും ഒരു നാളില്‍,

ഓര്‍മ്മകളിലെന്നൊ ഒരു ഓണ നാളില്‍

ഒരു ഓണപ്പൂക്കളം ഓടിയെത്തി.

ഓട്ടു വിളക്കിന്റെ ഒരിറ്റു വെളിച്ചത്തില്‍

ഒന്നങ്ങു കണ്ടവന്‍ ഒരു ഓമനപെണ്ണിനെ.

ഓരത്തുനിന്നവന്‍ കണ്‍നിറയെ കണ്ടവന്‍

ഓറഞ്ചിന്‍ കസവുള്ള പട്ടു പാവാട പെണ്ണിനെ.

ഓടിയടുത്തൊരു കിന്നാരം ഓതുവാന്‍

ഒന്നിനുമല്ലാതവന്‍ കാത്തിരുന്നു.

ഒളികണ്ണിട്ടവള്‍, ഒന്നിട നോക്കിയവള്‍,

ഒരു ചെറു പുഞ്ചിരി കവിളിലൊതുക്കി

ഓമനപൈങ്കിളി പോല്‍ ഓടി നടന്നു.

ഒന്നും പറയാതവന്‍, ഒന്നും ഉരിയാടാതവള്‍,

ഓരോരോ ദിക്കിലേക്കന്നവര്‍ ഓടിമറഞ്ഞു.

ഒറ്റയ്ക്കാതുരുത്തില്‍ അവന്‍ ഓരോരോ ദിനവും

ഓരോന്നുമിങ്ങനെ ഓര്‍ത്തെടുത്തു.

ഓര്‍മ്മകളിലാരോ ഒരു ഒളിയമ്പെയ്തപ്പോള്‍

ഓര്‍മ്മയും ഒരു നാളില്‍ ഓണനിലാവായ്.